District News
പേരാമ്പ്ര: പാണ്ടിക്കോട് എംഡിഎംഎ കേസില് അറസ്റ്റിലായ പ്രതികള് പോലീസ് കസ്റ്റഡിയില് വാങ്ങി.
വടകര എന്ഡിപിഎസ് കോടതിയാണ് പ്രതികളെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില് വിട്ടത്. കസ്റ്റഡിയില് ലഭിച്ച പ്രതികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് എത്തിച്ച് വൈദ്യപരിശോധന നടത്തി.
കുറ്റ്യാടി അടുക്കത്ത് കോവുമ്മല് അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയില് വടക്കേ പറമ്പില് ഷംസീര് (29), പാലക്കാട് എടത്തനാട്ടുകര സ്വദേശിനി റിന്ഷ ഫാത്തിമ (22), കൊല്ലം കടപ്പാക്കട സ്വദേശിനി സംഗീത (22) എന്നിവരെയാണ് കസ്റ്റഡിയില് വിട്ടത്.
ഇവരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില് എത്തിച്ച് വിരലടയാള പരിശോധന നടത്തി. തുടര്ന്ന് പ്രതികളെ പേരാമ്പ്രയിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട കൂടുതല് തെളിവുകള് ശേഖരിക്കുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
കേസിലുള്പ്പെട്ട മലപ്പുറം സ്വദേശിനിയായ പതനാറുകാരിയെ കോഴിക്കോട് വെള്ളിമാട്കുന്ന് ജുവൈനല് ഹോംമിലേക്ക് മാറ്റിയിരുന്നു. ഈ മാസം രണ്ടിനാണ് പോലീസ് ലഹരിവേട്ട നടത്തിയത്. പേരാമ്പ്ര പാണ്ടിക്കോട് വച്ച് പ്രതികളില് നിന്ന് 2.157 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
നാട്ടുകാരുമായും പോലീസുമായും പ്രതികള് സംഘര്ഷമുണ്ടാക്കിയിരുന്നു. പ്രദേശവാസികള്ക്കും പോലീസുകാര്ക്കും പരിക്കേറ്റിരുന്നു.
Kerala
രുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.പി. ബിനു, രേവന്ത്, ലെനിൻ രാജ്, ജി.ആർ. നന്ദു, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
പ്രധാന പ്രതിയായ ഐ.പി. ബിനുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി പ്രത്യേക നിർദേശങ്ങൾ നൽകി. ബിനുവിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചതിനെത്തുടർന്ന്, വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യനില കൃത്യമായി നിരീക്ഷിക്കണമെന്നും മജിസ്ട്രേറ്റ് നിർദേശിച്ചു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിൽ വിട്ടത്.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്
മേയ് 27-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് കാറുകൾ ആക്രമിക്കുകയായിരുന്നു.
National
ഭോപ്പാൽ: ത്വിഷ ശർമ മരണക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സമർത് സിംഗിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭോപ്പാലിലെ കോടതി ഏഴ് ദിവസമാണ് സമർത് സിംഗിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇയാളോട് ആവശ്യപ്പെട്ടു.
നേരത്തെ, ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മേയ് 12നാണ് ത്വിഷ ശർമയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം മുതൽ സമർത് സിംഗ് ഒളിവിലായിരുന്നു. വെള്ളിയാഴ്ചയാണ് ജബൽപൂരിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഭോപ്പാൽ പോലീസിന് കൈമാറുകയും ഇയാളെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
NRI
ന്യൂയോർക്ക് : 75 വയസുകാരിയായ അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ലോംഗ് ഐലൻഡ് സ്വദേശിയായ ജോൺ സ്ട്രാനോ (37) ആണ് അറസ്റ്റിലായത്.
മർദ്ദനത്തെത്തുടർന്ന് ബോധരഹിതയായ വൃദ്ധയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് വിൽസ്റ്റൺ പാർക്കിലെ വീട്ടിൽ വച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതി അമ്മയെ നിലത്തുതള്ളിയിടുകയും തലയിൽ മാരകായുധം ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. വധശ്രമം, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്
Kerala
കൊല്ലം: ഗുണ്ടാ തലവൻ അലുവ അതുലിന്റെ കൊലപാതകത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷണർ വ്യക്തമാക്കി. 2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കണ്മുൻപിൽ വെച്ചാണ് അലുവ അതുൽ ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില് നിന്ന് വെറും രണ്ട് കിലോമീറ്റര് അകലെയാണ് അരുംകൊല നടന്നത്.
അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപത്തുവച്ച് ആക്രമണമുണ്ടായത്.
Kerala
തിരുവനന്തപുരം: മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാലു പോലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പോലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ ജിനുവിന് പോലീസ് കസ്റ്റഡിയിൽവച്ച് മർദനമേറ്റെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.
സിസിടിവി പരിശോധിയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്. കൊച്ചിയിൽ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച നാല് യൂത്ത് കോണ്ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു ഡൽഹി പോലീസ് നൽകിയ ഹർജി പരിഗണിച്ചാണ് പട്യാല ഹൗസ് കോടതി ഇവരെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
ബിഹാറിൽനിന്നുള്ള യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, യൂത്ത് കോണ്ഗ്രസ് ബിഹാർ സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യൂത്ത് കോണ്ഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് കുമാർ, തെലുങ്കാനയിലെ യൂത്ത് കോണ്ഗ്രസ് നേതാവ് നരസിംഹ യാദവ് എന്നിവരെയാണ് കഴിഞ്ഞദിവസം പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡ് കാലാവധി ആവശ്യമുയർത്തിയ പോലീസ് നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങൾക്കു സമാനമായി ഇവർ പ്രതിഷേധം നടത്തിയെന്നാണ് കോടതിക്കു മുന്നിൽ ചൂണ്ടിക്കാട്ടിയത്. ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നും ഉച്ചകോടി നടക്കുന്ന വേദിയിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന ചിത്രമുള്ള ടി ഷർട്ടുകൾ ധരിച്ചെന്നും പോലീസ് വാദിച്ചു.
പ്രതിഷേധക്കാർ ഒരു രാഷ്ട്രീയ കക്ഷിയുമായി ബന്ധപ്പെട്ടവരാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശമാണു വിനിയോഗിച്ചതെന്നുമായിരുന്നു യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്ഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയത്.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്നതടക്കം എഴുതിയ മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ചിത്രം പതിപ്പിച്ച ടി ഷർട്ടുകളും പ്രതിഷേധക്കാർ നിവർത്തിപ്പിടിച്ചിരുന്നു.
Kerala
തിരൂർ: മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (26) ആണ് വ്യാഴാഴ്ച വൈകുന്നേരം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കൽപ്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയാണ് നിസാമുദ്ദീൻ. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെ പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
കോടതി നടപടികൾ പൂർത്തിയാക്കി തവനൂർ ജയിലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളിലും പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി.
നാഗേന്ദ്രകുമാർ ഭാരതീയ (19) എന്ന കൗമാരക്കാരനാണ് മരിച്ചത്. പോക്സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അവസാന വർഷ ബിരുദ വിദ്യാർഥിയായ നാഗേന്ദ്രകുമാർ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് പോവുകയും ചെയ്തു.
അവിടെവച്ച് പെൺകുട്ടിയെ നാഗേന്ദ്രകുമാർ പീഡിപ്പിച്ചു. ഇരുവരെയും പോലീസ് പ്രയാഗ്രാജിൽ നിന്ന് കണ്ടെത്തുകയും നാഗേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാൾ പുതപ്പ് ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്.
വിവരമറിഞ്ഞ നാഗേന്ദ്രകുമാറിന്റെ മാതാവ് പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു. ഇയാളുടെ കുടുംബം പോലീസുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
Kerala
കൊച്ചി: പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ അതിക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറംലോകം അറിഞ്ഞത് നിയമനടപടികളിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന്.
2024 ജൂണ് 20ന് നടന്ന മര്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു പരാതിക്കാരിയായ ഷൈമോള്ക്കു പോലീസ് കൈമാറിയത്.
സംഭവത്തിനു പിന്നാലെ ആരോപണം നിഷേധിച്ച പോലീസ് യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്കു വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാന് പോലീസ് ഇടപെടുകയുമായിരുന്നുവെന്നുമായിരുന്നു വിശദീകരിച്ചത്.
സിഐയെ പരാതിക്കാരി മര്ദിച്ചുവെന്നാരോപിച്ച് യുവതിക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഷൈമോളെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. തുടര്ന്ന് തന്നെ മര്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള് പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭര്ത്താവും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവിടങ്ങളിലടക്കം പരാതി നല്കിയെങ്കിലും നടപടി വൈകുകയായിരുന്നുവെന്ന് ബെന്ജോ പറഞ്ഞു. ഇതോടെയാണ് ഇവര് കോടതിയെ സമീപിച്ചത്. ബെന്ജോ പ്രതിയായ കേസ് കോടതിയിലാണ്.
നടപടിയില് സന്തോഷം
എസ്എച്ച്ഒയ്ക്കെതിരേ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടില് സന്തോഷമുണ്ടെന്ന് ബെന്ജോയും ഷൈമോളും പ്രതികരിച്ചു. കേസില് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇരുവരും വ്യക്തമാക്കി.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എ.സുജിത് പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് ആണ് സുജിത്.
കുന്നംകുളം പോലീസ് കസ്റ്റഡി മർദനം പുറത്തുവന്നതിലൂടെ സുജിത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Kerala
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.
ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില് വാങ്ങുന്നതിനായി കോടതിയില് ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
Kerala
അങ്കമാലി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അസം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്.
ആലുവ മുട്ടത്തെ ഐടി സ്ഥാപനത്തിൽ നിന്നു നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആലുവ മജിസ്ട്രേറ്റ് അവധിയായിരുന്നതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു.
കോടതിക്ക് മുൻപിൽ ജീപ്പ് നിർത്തിയ ഉടനെ കൈവിലങ്ങുകൾ ഇല്ലാത്ത പ്രതി ഇറങ്ങി ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കൊലപാതകം.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. അലന്റെ മൃതതേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.
Kerala
കണ്ണൂര്: കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂര് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം.
പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ് കെ.പി. ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടര്ന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുത്തു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര് നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വച്ചാണ് സംഭവം.
കന്റോണ്മെന്റ് പോലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ വച്ച് മഹിളാമോര്ച്ച പ്രവര്ത്തകര് വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. തന്റെ സ്വകാര്യ വാഹനത്തിലാണ് എസ്എച്ച്ഒ വന്നത്.
ബുധനാഴ്ച മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോര്ച്ച പ്രവര്ത്തകര് വന്ന വാഹനത്തിൽ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീര്പ്പാക്കുകയായിരുന്നു. ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു.
തുടര്ന്നാണ് കന്റോണ്മെന്റ് പോലീസ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാര് കണ്ട്രോള് റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പോലീസെത്തി പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വെച്ചാണ് സംഭവം.
ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്. തിരുവനന്തപുരം പാലോട് പൊലീസ് പ്രതികളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു.
കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന് വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികൾ ഓടിപ്പോയത്.
കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
Kerala
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില് സംവിധായകന് സനല്കുമാര് ശശിധരന് പോലീസ് കസ്റ്റഡിയില്. എറണാകുളം എളമക്കര പോലീസാണ് മുംബൈ വിമാനത്താവളത്തില് നിന്ന് ഇയാളെ രാത്രി കസ്റ്റഡിയിലെടുത്തത്.
നടിയുടെ പരാതിയില് സനല്കുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ഇയാളെ മുംബൈ വിമാനത്താവളത്തില് എയര്പോര്ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്ന്ന് സഹാര് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. എളമക്കര പോലീസ് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര് പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില് ഹാജരാക്കും.
കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില് എളമക്കര പോലീസ് കേസെടുത്തത്. അതേസമയം, തന്നെ മുംബൈ വിമാനത്താവളത്തില് തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്കുമാര് ഇന്ന് രാവിലെ ഫേസ്ബുക്കില് വിവരങ്ങള് പോസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരെ 2022ല് എടുത്ത കേസില് അന്വേഷണം നടത്തിയിട്ടില്ലെന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നുമാണ് ഇയാളുടെ ആരോപണം. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാര്ജ്ഷീറ്റുമില്ല. പക്ഷേ, എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. എങ്ങനെയെന്നും സനല് ഫേസ്ബുക്കില് കുറിച്ചിരുന്നു.
Kerala
കൊച്ചി: കല്പ്പറ്റ അമ്പലവയല് നെല്ലാറച്ചാല് സ്വദേശിയായ ഗോകുൽ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില് തൂങ്ങി മരിച്ചനിലയില് കണ്ട സംഭവം സിബിഐ അന്വേഷണത്തിനു വിട്ടതായി സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് ജി.ഗിരീഷ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഗോകുലിന്റെ അമ്മ ഓമന ഫയല് ചെയ്ത ഹര്ജി തീര്പ്പാക്കി.
പെണ്കുട്ടിയെ കാണാതായെന്ന പരാതിയിലാണ് ഗോകുലിനെ കോഴിക്കോടുനിന്ന് കല്പ്പറ്റ സ്റ്റേഷനില് എത്തിച്ചത്. സുഹൃത്തായ പെണ്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലുമാക്കി.
ഏപ്രില് ഒന്നിനാണു സ്റ്റേഷനിലെ ശൗചാലയത്തില് തൂങ്ങി മരിച്ചനിലയില് കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും കാര്യക്ഷമമല്ലെന്നും സുതാര്യമായ അന്വേഷണത്തിന് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹര്ജി.